Description
എങ്ങുനിന്നോ പെയ്തിറങ്ങിയ ഒരു മലവെള്ളപ്പാച്ചിൽ പോലെ കുംഭമേളയിലെ നാഗ സന്യാസിമാർ…പൊങ്ങു തടിപോലെ ഒഴുകി നീങ്ങുന്ന അവരുടെ ജീവിതത്തിന്റെ ഒരു മിന്നലാട്ടം…
ബ്രഹ്മചര്യത്തിന്റെ ചുടാലാഗ്നിയിൽ കാമത്തെ ഹോമിച്ച്, അന്തർലീനമായ കുണ്ഡലിനി ശക്തിയെ ഉത്തേജിപ്പിച്ച്… സംശുദ്ധമായ പ്രപഞ്ച ബോധത്തിൽ, നഗ്നരായി ശിവതാണ്ഡവം നടത്തുന്ന അഘോരികൾ…
ക്ഷണിക ഭൗതീകതയുടെ ഓർമ്മപ്പെടുത്തലായി ശരീരം മുഴുവൻ ഭസ്മം പൂശി, തലയോട്ടികളും ആയുധങ്ങളുമായി ഉറഞ്ഞുതുള്ളി ഗംഗയുടെ പുളിനങ്ങളിലേക്ക് ആർത്തലച്ച് സ്നാനം നടത്തി, ജയഭേരി വിളിക്കുന്ന നാഗന്മാർ…
പാൽക്കടൽ കടയുന്ന സമയത്ത് ആവിർഭാവിച്ച ഏറ്റവും വിലയുള്ളതെല്ലാം മറ്റ് ദേവതകൾക്ക് നൽകി, ആർക്കും വേണ്ടാത്ത ഹാലാഹല വിഷം മാത്രം തനിക്കായി കരുതിയ മഹാദേവൻ. വിരക്തിയുടെയും നിസ്വാർത്ഥതയുടെയും പ്രതീകമാണ് ശിവൻ.
ഉപയോഗശൂന്യമായ എല്ലാ വസ്തുക്കളും തനിക്കായി സൂക്ഷിക്കുകയും സമൂഹത്തിന് ഏറ്റവും മികച്ചത് മാത്രം മാറ്റി വച്ച് ഓരോ നാഗന്മാരും രുദ്രനെ അനുകരിക്കുന്നു…
സാർവത്രിക പ്രപഞ്ച സത്യങ്ങളുമായി സമന്വയിച്ച് കഠിനവും പലപ്പോഴും പ്രാകൃതവും പൈശാചികവുമായ ചടങ്ങുകളിലൂടെ, സ്വന്തം പിണ്ഡതർപ്പണം നടത്തി അഘോരികളായവർ: നഗ്നരും, ഉഗ്രരും, നിർഭയരുമായ നാഗന്മാർ!
മൃതദേഹങ്ങളെ വിരുന്നായി കഴിക്കുന്ന, വ്യതിരിക്തമായ രൂപഭാവവും ആചാരങ്ങളും കൊണ്ട് കുംഭ മേളയിൽ ശ്രദ്ധേയരാകുന്ന നാഗ സാധുക്കൾ, പക്ഷെ കുംഭമേളയുടെ നാളുകൾ കഴിയുമ്പോൾ അവരുടെ നിഗൂഢതയിലേക്ക്…. ആരുമറിയാതെ അവർ മാഞ്ഞു പോകുന്നു… അവരുടേതായ ലോകത്തേക്ക്… വിദൂരതയുടെ ആഴങ്ങളിലേക്ക് ആരുമറിയാത്ത ജന്മങ്ങളായി അപ്രത്യക്ഷരാകുന്നു…
തികച്ചും നിഗൂഢമായ ആ ജീവിതങ്ങൾ പക്ഷെ ശൈവസമ്പ്രദായത്തെ കുറിച്ച് ചിന്തിക്കാനുള്ള ഉൾപ്രേരണയുണർത്തി.
മംഗളകാരിയായ ശിവൻ രൂപമില്ലാത്തതും അതിരുകളില്ലാത്തതുമായ കേവല ബ്രഹ്മമാണ്. മന്ത്രങ്ങളിലോ വിഗ്രഹങ്ങളിലോ മതങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിലോ ആവാഹിച്ചൊതുക്കാൻ കഴിയാത്ത സ്നേഹം : അൻപേ ശിവം. അതാണ് ശിവ തത്വം.
ശിവൻ അവനവന്റെ ഉള്ളിലാണ് . അതു തന്നെയാണ് യഥാർഥ ശിവ രഹസ്യവും
ഓരോ മനുഷ്യന്റെ ഉള്ളിലും ഓരോ പ്രപഞ്ചാണുവിലും കുടികൊള്ളുന്ന സ്ത്രീ -പുരുഷബോധമാണ് പരമമായ ശിവം. സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്കുമപ്പുറം ഒടുവിലൊരു ലയനമുണ്ട് : ശിവചൈതന്യത്തിന്റെ നീലിമയിൽ അണ്ഡകടാഹങ്ങളും താനുമൊക്കെ ഒരേ ശിവാംശമാണെന്ന വെളിപാട്… അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വേർതിരിവുകളില്ല. മതങ്ങളോ ജാതിയോ, മനുഷ്യ- മൃഗ അതിർവരമ്പുകളോയില്ല. സർവം ശിവോഹം : ഒരു പിടി ഭസ്മം.

Reviews
There are no reviews yet.